
ബംഗളുരു: ഖനിരാജാവായ മുൻമന്ത്രി ഗാലി ജനാർദ്ദൻ റെഡ്ഢിയാണ് ഗംഗാവതി മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചിരുന്നത്. അനധികൃത ഖനനക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തിന്റെ എംഎൽഎ സ്ഥാനം നഷ്ടമായി. ഈ മണ്ഡലത്തിൽ ഉടനെ ഉപതെരഞ്ഞെടുപ്പ് നടക്കും. ജാമ്യത്തിലായിരുന്ന ജനാർദ്ദൻ റെഡ്‌ഡിയെ വിധിവന്നതോടെ വീണ്ടും ഹൈദരാബാദ് ജയിലിൽ അടച്ചിരിക്കുകയാണ്. ബിജെപിയിൽനിന്ന് പുറത്തായതിനാൽ കല്യാൺ രാജ്യ പ്രഗതി പക്ഷ ( കെ ആർ പി പി)എന്ന പ്രാദേശിക പാർട്ടി രൂപീകരിച്ചാണ് റെഡ്‌ഡി 2023ലെ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിട്ടത്. വടക്ക് കിഴക്കൻ കർണാടകയിലെ ഇരുപതോളം മണ്ഡലങ്ങളിൽ അദ്ദേഹം സ്ഥാനാർത്ഥികളെ നിർത്തിയിരുന്നു. ആ തെരഞ്ഞെടുപ്പിൽ ബിജെപി തകർന്നടിയാൻ അതും ഒരു കാരണമായിരുന്നു. ബെല്ലാരി ജില്ലയിൽ പ്രവേശിക്കാൻ അനുവാദമില്ലായിരുന്ന റെഡ്‌ഡി കൊപ്പൽ ജില്ലയിലെ ഗംഗാവതിയിൽ നിന്നാണ് ജനവിധി തേടിയത്. ആ മണ്ഡലത്തിൽ നിന്ന് മാത്രമേ കെആർപിപിയ്ക്ക് ജയിക്കാനായുള്ളൂവെങ്കിലും തന്നെ അകറ്റിനിർത്തിയ ബിജെപിയെ ഒരു പാഠം പഠിപ്പിക്കാൻ റെഡ്‌ഡിയ്ക്ക് കഴിഞ്ഞു. ബിജെപിയെയും കോൺഗ്രസ്സിനെയും ഒരുപോലെ തറപറ്റിച്ചാണ് ഗംഗാവതിയിൽ ജനാർദ്ദൻ റെഡ്‌ഡി ജയിച്ചുകയറിയത്. റെഡ്ഢി 65791 വോട്ടുകൾ നേടിയപ്പോൾ കോൺഗ്രസ്സ് സ്ഥാനാർത്ഥി ഇക്ബാൽ അൻസാരി 57997 വോട്ടുകൾ പിടിച്ചു. ബിജെപി സ്ഥാനാർത്ഥി പാരണ്ണ മുനാവലിയ്ക്ക് സമാഹരിക്കാനായത് 29167 വോട്ടുകൾ മാത്രം. കഴിഞ്ഞ വർഷം ലോകസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് റെഡ്‌ഡി ബിജെപിയിൽ തിരിച്ചെത്തിയത്. അദ്ദേഹത്തിന്റെ പാർട്ടി ബിജെപിയിൽ ലയിക്കുകയും ചെയ്തു. റെഡ്‌ഡിയുടെ തിരിച്ചുവരവും ആ മേഖലയിൽ ജനാക്രോശയാത്രയ്ക്കുണ്ടായ വിജയവും ബിജെപിയ്ക്ക് മുൻകൈ ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ ജനാർദ്ദൻ റെഡ്‌ഡി ശിക്ഷിക്കപ്പെട്ട് ജയിലിലായത് ബിജെപിയ്ക്ക് ക്ഷീണമാണെങ്കിലും അദ്ദേഹത്തിന്റെ അനുയായികൾ തിരിച്ചെത്തിയത് ആ പാർട്ടിയുടെ സ്വാധീനവും ആത്മവിശ്വാസവും വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ സൗജന്യ വാഗ്ദാനങ്ങൾ നിറവേറ്റിയ ഭരണമികവ് ഗംഗാവതിയിലും കോൺഗ്രസിനെ തുണക്കുമെന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും കണക്കുകൂട്ടുന്നത്. ഉപതെരഞ്ഞെടുപ്പ് ഏതുനിമിഷവും പ്രഖ്യാപിക്കപ്പെടാം. ജനാർദ്ദൻ റെഡ്‌ഡിയുടെ ഭാര്യ അരുണ ബിജെപി സ്ഥാനാർത്ഥി ആയേക്കുമെന്നാണ് കരുതപ്പെടുന്നത്. കോൺഗ്രസ്സ് സ്ഥാനാർത്ഥിയെ കുറിച്ചും വ്യക്തത വന്നിട്ടില്ല. രണ്ടുപാർട്ടികളിലും ചർച്ചകൾ നടക്കുകയാണ്. ബിജെപിയ്ക്കെന്ന പോലെ കോൺഗ്രസ്സിനും ഗംഗാവതിയിൽ വിജയം അനിവാര്യമാണ്.
Photo Courtesy - Google











